ഒടുവില്‍ കുറ്റസമ്മതം; മുല മുറിച്ച നങ്ങേലി കെട്ടുകഥയെന്ന് മുഖ്യമന്ത്രിയുടെ ജന്‍ഡര്‍ അഡ്‌വൈസര്‍ ഡോ.ആനന്ദി

Written by Indusscrolls

തിരുവനന്തപുരം: കമ്യൂണിസ്റ്റുകാര്‍ വര്‍ഷങ്ങളായി നടത്തുന്ന വ്യാജപ്രചാരണം പൊളിച്ചടുക്കി മുഖ്യമന്ത്രിയുടെ ജന്‍ഡര്‍ അഡ്‌വൈസര്‍. മുലക്കരത്തിനെതിരെ നങ്ങേലി എന്ന സ്ത്രീ മുല മുറിച്ച് അധികാരികള്‍ക്ക് നല്‍കി പ്രതിഷേധിച്ചെന്ന സിപിഎം ഉള്‍പ്പെടെയുള്ള ഇടത് സംഘടനകളുടെ നുണയാണ് സര്‍ക്കാര്‍ മാസികയില്‍ എഴുതിയ ലേഖനത്തില്‍ ഡോ.ആനന്ദി ടി.കെ. തുറന്നുകാട്ടിയത്. കേരള സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ പുറത്തിറക്കുന്ന സമകാലിക ജനപഥം മാസികയുടെ ജനുവരി ലക്കത്തിലെ ‘കേരളം സ്ത്രീ ഒരു നൂറ്റാണ്ട് മുന്‍പ്’ എന്ന ലേഖനത്തിലാണ് തുറന്നെഴുത്ത്.
”മുലക്കരവുമായി ബന്ധപ്പെട്ടിരുന്ന പ്രശ്‌നം സാമ്പത്തികമായിരുന്നു. ദാരിദ്രമായിരുന്നു. മുലക്കരം കൊടുക്കാന്‍ പൈസ ഇല്ലാത്തത് കൊണ്ട് മുല അരിഞ്ഞുകൊടുത്തു എന്നും അങ്ങനെ ചെയ്തവരുടെ പേര് നങ്ങേലി എന്നായിരുന്നുവെന്നുമുള്ള മിത്തുകള്‍ പ്രചരിച്ചു തുടങ്ങിയ കാലവും കൂടിയാണപ്പോള്‍”. ലേഖനത്തില്‍ പറയുന്നു. നങ്ങേലിയും മുലയും ചരിത്രമാണെന്നാണ് സിപിഎമ്മും സര്‍ക്കാരും അവകാശപ്പെടുന്നത്. ആദ്യമായാണ് ഇത് കെട്ടുകഥയാ (മിത്ത്)ണെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട ഏതെങ്കിലും കേന്ദ്രങ്ങള്‍ സമ്മതിക്കുന്നത്.
ചരിത്രവനിതയായ നങ്ങേലിക്ക് സ്മാരകം പണിയുമെന്ന് മന്ത്രി തിലോത്തമന്‍ 2018 ഡിസംബര്‍ 11ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ”മൃഗീയമായ മുലക്കരം പിരിവ് സമ്പ്രദായത്തി നെതിരെ പ്രതിക്ഷേധിച്ച് കരം പിരിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ മുമ്പില്‍ സ്വന്തം സ്തനം ഛേദിച്ച് തൂശനിലയില്‍ വച്ച് കൊടുത്ത വീടു സ്ഥിതി ചെയ്തിരുന്ന സ്ഥലം ആണ് ചേര്‍ത്തലയിലെ മുലച്ചിപ്പറമ്പ്. മുലച്ചിപറമ്പ് സ്ഥിതി ചെയ്യുന്ന ചേര്‍ത്തല മനോരമ കവല(വടക്കേ അങ്ങാടി) യുടെ വികസനം ദീര്‍ഘ കാലമായി നടപ്പാക്കാന്‍ കാത്തിരുന്ന ഒരു സ്വപ്ന പദ്ധതിയാണ്.മേല്‍ പറഞ്ഞ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനൊപ്പം നങ്ങേലിയുടെ ഒരു ഉചിതമായ സ്മാരക സ്തൂപവും സാധ്യമാക്കുക എന്ന ലക്ഷ്യം നേടാന്‍ എല്ലാ സുമനസുകളു ടെയും സഹകരണം പ്രതീക്ഷിക്കുന്നു”. മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തുന്നതിനായി സംഘടിപ്പിച്ച വനിതാ മതിലില്‍ നങ്ങേലി പ്രധാന പ്രചാരണ ബിംബമായിരുന്നു. നങ്ങേലി ചരിത്ര വനിതയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് അവകാശപ്പെട്ടിരുന്നു. മറ്റ് സിപിഎം നേതാക്കളും ശബരിമല വിധിക്ക് ശേഷം ഏറ്റവുമധികം പ്രസംഗങ്ങളില്‍ ചൂണ്ടിക്കാട്ടിയത് നങ്ങേലിയുടെ കെട്ടുകഥയായിരുന്നു. സമൂഹമാധ്യമങ്ങള്‍ ചരിത്രരേഖകള്‍ ഉദ്ധരിച്ച് സിപിഎമ്മിന്റെ പ്രചാരണം തെറ്റാണെന്ന് സമര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലേഖനമെന്നതും ശ്രദ്ധേയമാണ്.

 

About the author

Indusscrolls

Leave a Comment