ന്യൂദല്‍ഹി: മലയാളിയായ ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്നത് തടയാന്‍ മുന്‍ ജസ്റ്റിസ് കുര്യന് ജോസഫ് ശ്രമിച്ചുവെന്ന പരോക്ഷ സൂചനയുമായി ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് അഡ്വ.ജോര്‍ജ്ജ് കുര്യന്. കുര്യന് ജോസഫിനെതിരെ നിരവധി കിംവദന്തികളുണ്ടെന്നും അതാരും വിശ്വസിക്കില്ലെന്നും പറഞ്ഞാണ് അദ്ദേഹം ആരോപണമുന്നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള ഒരാളെ സുപ്രീം കോടതി ജഡ്ജിയാക്കി ഉയര്‍ത്താന്‍ കൊളീജിയം തീരുമാനിച്ചിരുന്നു. ഈ വ്യക്തിയെ വലിയ രീതിയില്‍ പിന്തുണച്ച് കുര്യന് ജോസഫ് രംഗത്തുവന്നു. തന്റെ പിന്തുണ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സംശയത്തിനിടയാക്കുമെന്നും അതുവഴി നിയമനം തടയാന്‍ സാധിക്കുമെന്നുമാണ് കുര്യന് ജോസഫ് കണക്കുകൂട്ടിയത്. ജോര്‍ജ്ജ് കുര്യന് പറഞ്ഞു. ദീപക് മിശ്രക്കെതിരെ ഇത്തരം കിംവദന്തികളുടെ അടിസ്ഥാനത്തിലാണ് കുര്യന് ജോസഫ് ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍ ബഹളമുണ്ടാക്കിയതെന്നും അവര്‍ക്കൊന്നും തെളിവ് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ ന്യൂനപക്ഷ മതവിഭാഗമെന്നത് തന്റെ ഔദ്യോഗിക ജീവിതത്തിലെ വളര്‍ച്ചക്ക് തടസ്സമായിരുന്നുവെന്ന കുര്യന് ജോസഫിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന് പ്രതികരണവുമായി രംഗത്തെത്തിയത്.
ഉത്തരാഖണ്ഡ്് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കി ഉയര്‍ത്താനുള്ള കൊളീജിയം തീരുമാനം ആദ്യം കേന്ദ്രം തള്ളിയിരുന്നു. ഈ സമയത്ത് ജോസഫിനെ പിന്തുണച്ച് പരസ്യമായി കുര്യന് ജോസഫ് രംഗത്തുവന്നിരുന്നു. കൊളിജീയം കെ.എം. ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യുകയും കേന്ദ്രം അംഗീകരിക്കുകയുമായിരുന്നു. പേര് രണ്ടാമതും ശുപാര്‍ശ ചെയ്താല്‍ കേന്ദ്രം അംഗീകരിക്കണം.
Discussion about this post