ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിയില്‍ ഇടനിലക്കാരന് ക്രിസ്ത്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചതോടെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെ കുരുക്ക് മുറുകുന്നു. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിന് 114 കോടി രൂപ കോഴ നല്‍കിയെന്ന് വ്യക്തമാക്കുന്ന മിഷേലിന്റെ ഡയറിക്കുറിപ്പ് നേരത്തെ പുറത്ത് വന്നിരുന്നു. നെഹ്റു കുടുംബമാണ് പ്രമുഖ രാഷ്ട്രീയ കുടുംബം.
അഗസ്ത വെസ്റ്റ്ലാന്റിന്റെ ഇന്ത്യാ വിഭാഗം തലവന്‍ പീറ്റര്‍ ഹുലെറ്റിന് 2008 മാര്‍ച്ച് 15ന് ക്രിസ്ത്യന്‍ മിഷേല്‍ അയച്ച കത്തില്‍ പ്രേരണാ ശക്തി (ഡ്രൈവിംഗ് ഫോഴ്സ്) എന്നാണ് സോണിയയെ വിശേഷിപ്പിച്ചത്. കരാര്‍ ലഭിക്കാന്‍ സോണിയയുടെ അടുപ്പക്കാരായ ഏഴ് കോണ്‍ഗ്രസ് നേതാക്കളെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ വഴി ലക്ഷ്യമിടണമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. മന്മോഹന് സിംഗ്, അഹ്മദ് പട്ടേല്‍, പ്രണബ് മുഖര്‍ജി, എം.വീരപ്പ മൊയ്ലി, ഓസ്കര് ഫെര്‍ണാണ്ടസ്, എം.കെ. നാരായണന്, വിനയ് സിംഗ് എന്നീ സോണിയയുടെ അടുപ്പക്കാരെ ഉന്നമിടാനാണ് ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നിബന്ധനകളില്‍ മാറ്റങ്ങള്‍ വരുത്തിയതെന്ന് മുന്‍ വ്യോമസേനാ മേധാവി എസ്.പി.ത്യാഗി സിബിഐക്ക് മൊഴി നല്‍കിയിരുന്നു. അഴിമതി നടക്കുമ്പോള്‍ മന്‍മോഹനാണ് പ്രധാനമന്ത്രിയെങ്കിലും യുപിഎ സര്‍ക്കാരില്‍ അന്തിമ തീരുമാനം സോണിയയുടേതായിരുന്നു. ദേശീയ ഉപദേശക സമിതി രൂപീകരിച്ചാണ് സര്‍ക്കാരിനെയും മന്മോഹന് സിങ്ങിനെയും സോണിയ നിയന്ത്രിച്ചത്. പ്രധാന ഫലുകളില്‍ മന്മോഹന് ഒപ്പിടുന്നത് സോണിയയുടെ അനുവാദത്തിന് ശേഷമായിരുന്നു. മിഷേലിന്റെ ഇനിയുള്ള മൊഴികള്‍ അന്വേഷണം നെഹ്റു കുടുംബത്തിനും പരിവാരങ്ങളിലേക്കുമെത്തും.
കമ്പനിക്കെതിരെ ഇറ്റലിയിലുണ്ടായ കേസില്‍ മിലാനിലെ അപ്പീല്‍ കോടതി പുറപ്പെടുവിച്ച വിധിയിലും സോണിയക്കെതിരെ പരാമര്‍ശമുണ്ട്. 225 പേജുള്ള വിധിന്യായത്തില്‍ നാല് തവണയാണ് സോണിയ പരാമര്‍ശിക്കപ്പെട്ടത്. വിചാരണക്കിടെ ഇടനിലക്കാരനായ ഗൈഡോ ഹാഷ്കെ സോണിയ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞിരുന്നു. സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹ്മദ് പട്ടേല്‍ കോഴ വാങ്ങിയതായും ആരോപണമുണ്ട്. ഇടനിലക്കാരായ ഗൈഡോ ഹാഷ്കെ, ക്രിസ്ത്യന്‍ മിഷേല്‍ എന്നിവര്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് കോഴപ്പണം വീതിച്ചു നല്‍കിയത് വ്യക്തമാക്കുന്ന കൈപ്പടയിലെഴുതിയ കുറിപ്പ് ഇറ്റാലിയന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ എപി എന്നയാള്‍ മൂന്ന് മില്യണ്‍ കൈപ്പറ്റിയതായി പരാമര്‍ശമുണ്ട്. എപി അഹ്മദ് പട്ടേലെന്നാണ് ആരോപണം. ഇത് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ചോദിച്ചപ്പോള്‍ നിഷേധിക്കാതെ, അറിയില്ലെന്നായിരുന്നു ഗൈഡോ ഹാഷ്കെയുടെ മറുപടി.
സോണിയയെ ‘ഡ്രൈവിംഗ് ഫോഴ്സ്’ എന്ന് വിശേഷിപ്പിച്ച് ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേല്‍ അയച്ച കത്ത്.
Discussion about this post