ന്യൂഡല്‍ഹി: ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറിയാണ്; കേരളത്തിന്റെയല്ല. കേരളത്തിലെ വിഷയങ്ങള്‍ അവിടുത്തെ നേതാക്കളോട് ചോദിക്കൂ- കേരളാ വിഷയങ്ങള്‍ സംബന്ധിച്ചുള്ള തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്ക് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി മറുപടി പറഞ്ഞതിങ്ങനെ. തമാശയായി യച്ചൂരി നല്കിയ മറുപടിക്ക് പാര്‍ട്ടി കേരളത്തില്‍ മാത്രമേയുള്ളുവെന്ന് തമാശയായിത്തന്നെ മാധ്യമപ്രവര്‍ത്തകരും ഓര്‍മ്മിപ്പിച്ചു. കേന്ദ്ര കമ്മറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ഡല്‍ഹി സിപിഎം ആസ്ഥാനമായ എ.കെ.ജി. ഭവനില്‍ യച്ചൂരി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു സംഭവം. പി.കെ. ശശിക്കെതിരായ നടപടി, ശബരിമല വിഷയം, വനിതാ മതില്, ഡിഎംകെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാഹുലിനും സോണിയക്കുമൊപ്പം വേദി പങ്കിട്ടത് തുടങ്ങി കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പത്രസമ്മേളനത്തില്‍ ഏറെയും ഉയര്‍ന്നത്. തുടര്‍ന്നായിരുന്നു യച്ചൂരിയുടെ പ്രതികരണം.
പി.കെ. ശശിക്കെതിരായ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് വായിച്ചിട്ടില്ലെന്ന് യച്ചൂരി പറഞ്ഞു. സംസ്ഥാന കമ്മറ്റി നല്കിയ കണ്ടെത്തലുകളാണ് പരിശോധിച്ചത്. ശശിക്ക് നല്‍കിയത് ഉയര്‍ന്ന ശിക്ഷയാണ്. എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി. ശശിയെ ആറ് മാസം സംസ്ഥാന കമ്മറ്റി സസ്പെന്റ് ചെയ്തത് കേന്ദ്ര കമ്മറ്റി ശരിവെച്ചിരുന്നു. കൂടുതല്‍ നടപടി വേണ്ടെന്നും തീരുമാനിച്ചു. ശശിയെ സംരക്ഷിച്ച അതേ കേന്ദ്ര കമ്മറ്റി യോഗത്തില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post