തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി ദേവിയെത്തുന്നത് തടയാന്‍ സര്‍ക്കാരും സിപിഎമ്മും പയറ്റിയ പതിനെട്ടടവും ഫലിച്ചില്ല. വിരട്ടലും വിലപേശലും സമ്മര്‍ദ്ദവും തള്ളിക്കളഞ്ഞ് ഹൈന്ദവ വിശ്വാസികളുടെ അമ്മ അവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ പുത്തരിക്കണ്ടം മൈതാനത്തിലെത്തി. ആദ്യമായാണ് തലസ്ഥാനത്ത് മഠത്തിന്റേതല്ലാത്ത ഒരു പൊതുപരിപാടിയില്‍ അമ്മ പങ്കെടുക്കുന്നത്.
ശബരിമലയിലെ യുവതീ പ്രവേശനത്തിന് എതിരാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മ നിലപാട് വ്യക്തമാക്കിയിരുന്നു. ഹൈന്ദവ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ശബരിമല കര്‍മ്മ സമിതിയുടെ ദേശീയ ഭാരവാഹിയുമാണ് അമൃതാന്ദമയി ദേവി. എന്നാല്‍ പ്രത്യക്ഷത്തില്‍ അമ്മ പരിപാടിയില്‍ പങ്കെടുക്കുന്നത് തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ സിപിഎം ഇത് തടയുന്നതിനായി പല അടവുകളും പയറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരത്തെ കൈമനം ആശ്രമത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അമ്മയെ നേരിട്ട് സന്ദര്‍ശിച്ച് പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
ഭക്തര്‍ക്കൊപ്പമുള്ള അമ്മ പരിപാടിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമായതോടെ അതിരുകടന്ന വിമര്‍ശനവുമായി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി. നൈഷ്ഠിക ബ്രഹ്മചാരിയായ അമൃതാനന്ദമയി പലപ്രായത്തിലുള്ള സ്ത്രീകളെയും പുരുഷന്മാരെയും കണ്ടിട്ടും ബ്രഹ്മചര്യം നഷ്ടപ്പട്ടോ എന്നാണ് കോടിയേരി അധിക്ഷേപിച്ചത്. അയ്യപ്പഭക്ത സംഗമം തീരുമാനിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അമ്മക്കെതിരെ വ്യാജ പ്രചാരണങ്ങളുമായി സൈബര്‍ സഖാക്കളും സജീവമായിരുന്നു. മുന്‍പ് മഠത്തിനെതിരെ ഉയര്‍ന്നിട്ടുള്ള വ്യാജ ആരോപണങ്ങള്‍ മറയാക്കി വേട്ടയാടുമെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിരട്ടാനും ശ്രമമുണ്ടായി. എന്നാല്‍ എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് അമ്മ ഭക്തര്‍ക്ക് അനുഗ്രഹമായി അയ്യപ്പ സംഗമത്തിനെത്തി.
കര്‍മ്മ സമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരിയുടെ അധ്യക്ഷതയില്‍ അമ്മയാണ് സംഗമത്തിന് ഭദ്രദീപം തെളിയിച്ചത്. ശരണം വിളിച്ചശേഷം അമ്മ നിലവിളക്കിലേക്ക ദ്വീപം പകര്‍ന്നപ്പോള്‍ ശംഖൂനാദം മുഴങ്ങി. ക്ഷേത്രങ്ങള്‍ നമ്മുടെ സംസ്കാരത്തിന്റെ തൂണുകളാണെന്നും അതിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ തകരുന്നത് സംസ്ക്കാരം തന്നെയാണെന്നും അമൃതാനന്ദമയി ഓര്‍മ്മിപ്പിച്ചു. ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തില്‍ പാലിച്ചില്ലെങ്കില്‍ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കും. ശബരിമല ക്ഷേത്രത്തിലുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അമ്മ പറഞ്ഞു.
Discussion about this post