ന്യൂദല്‍ഹി: ഇന്ത്യയില്‍ പത്തില്‍ ഒന്‍പത് വീടുകളിലും പാചകവാതക കണക്ഷന് യാഥാര്‍ത്ഥ്യമാക്കി മോദി സര്‍ക്കാര്‍. രാജ്യത്തെ 89 ശതമാനം വീടുകളിലും ഗ്യാസ് കണക്ഷന് എത്തിക്കാന്‍ മോദിക്ക് സാധിച്ചു. നേരത്തെ പത്ത് വീടെടുത്താല്‍ അഞ്ചില്‍ താഴെ വീടുകളിലായിരുന്നു ഗ്യാസ് കണക്ഷന് ഉണ്ടായിരുന്നത്. അന്‍പത് ശതമാനം വീടുകളില്‍പ്പോലും ലഭ്യമായിരുന്നില്ലെന്ന് ചുരുക്കം. 2015 ഏപ്രിലിന് ശേഷമാണ് വന്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ പത്ത് കോടി കണക്ഷനുകളാണ് പുതുതായി നല്‍കിയത്.
വടക്കന്‍ സംസ്ഥാനങ്ങളില്‍ 99.9 ശതമാനം വീടുകള്‍ക്കും എല്‍പിജി ലഭ്യമാണ്. തെക്കന്‍ സംസ്ഥാനങ്ങളില്‍ 99 ശതമാനവും പശ്ചിമ സംസ്ഥാനങ്ങളില്‍ 82 ശതമാനവും കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 75 ശതമാനവുമാണ് കൈവരിക്കാനായത്. പ്രധാനമായും രണ്ട് നടപടികളാണ് സര്‍ക്കാരിന്റെ നേട്ടത്തിന് ശക്തി പകര്‍ന്നത്. ഒന്ന്, ആധാറുമായി ബന്ധിപ്പിച്ച് വ്യാജ കണക്ഷനുകള്‍ കണ്ടെത്തി നീക്കം ചെയ്തു. സമ്പന്നരെക്കൊണ്ട് ഗ്യാസ് സബ്സിഡി ഉപേക്ഷിപ്പിച്ച് ആ പണമുപയോഗിച്ച് ദരിദ്രര്‍ക്ക് സൗജന്യ കണക്ഷനുകള്‍ നല്‍കിയതാണ് രണ്ടാമത്തേത്.
Discussion about this post