തന്ത്രം മാറ്റി അമിത് ഷാ: ചൗഹാനും രമണ്‍ സിങ്ങും വസുന്ധരയും ലോക്‌സഭയിലേക്ക്; മുന്‍ മുഖ്യമന്ത്രിമാര്‍ ദേശീയ വൈസ് പ്രസിഡണ്ട് പദവിയില്‍

Written by Indusscrolls
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലുമുണ്ടായ തിരിച്ചടി മറികടക്കാന്‍ അമിത് ഷായുടെ പുതിയ തന്ത്രം. ഈ സംസ്ഥാനങ്ങളിലെ മുന്‍ മുഖ്യമന്ത്രിമാരായ ശിവ്‌രാജ് സിംഗ് ചൗഹാന്‍, രമണ്‍ സിംഗ്, വസുന്ധരരാജ സിന്ധ്യ എന്നിവരെ പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷന്മാരായി ഷാ നിയമിച്ചു. ഇവര്‍ ലോക്‌സഭയിലേക്ക് മത്സരിക്കും. മുന്‍ മുഖ്യമന്ത്രിമാരും സംസ്ഥാനത്ത് ഏറ്റവുമധികം സ്വാധീനവുമുള്ള ഇവരുടെ നേതൃത്വത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. കേന്ദ്രത്തില്‍ ഭരണം നിലനിര്‍ത്തിയാല്‍ മൂന്ന് പേരും പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യും.
 ചത്തീസ്ഗഡിലും മധ്യപ്രദേശിലും നേരത്തെ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചിരുന്നു. മകന്‍ അഭിഷേക് സിംഗ് പ്രതിനിധീകരിക്കുന്ന രാജ്‌നന്ദ്ഗാവിലാകും രമണ്‍ സിംഗ് മത്സരിക്കുക. ചൗഹാന്‍ വിദിശയില്‍നിന്നും ജനവിധി തേടും. വസുന്ധരയുടെ മണ്ഡലം തീരുമാനമായിട്ടില്ല. വിദിശ നിലവില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ മണ്ഡലമാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സുഷമക്ക് രാജ്യസഭാ സീറ്റ് നല്‍കും.
ചത്തീസ്ഗഡില്‍ 10, മധ്യപ്രദേശ് 27, രാജസ്ഥാന്‍ 25 സീറ്റുകള്‍ 2014ല്‍ ബിജെപി നേടിയിരുന്നു, കോണ്‍ഗ്രസ്സിന് മധ്യപ്രദേശില്‍ രണ്ടും ചത്തീസ്ഗഡില്‍ ഒരു സീറ്റുമാണ് ലഭിച്ചത്. രാജസ്ഥാനില്‍ ഒരിടത്തും ജയിച്ചില്ല. കഴിഞ്ഞ തവണത്തെ പ്രകടനം ആവര്‍ത്തിക്കാനാണ് അമിത് ഷായുടെ നീക്കം. സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടപ്പെട്ടെങ്കിലും വോട്ട് ശതമാനത്തില്‍ തിരിച്ചടിയുണ്ടായിട്ടില്ലെന്നാണ് ബിജെപി വിലയിരുത്തല്‍. മോഡിയെ കേന്ദ്രീകരിച്ച് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍നിന്നും വ്യത്യസ്തമാകുമെന്നും പാര്‍ട്ടി കണക്കൂകൂട്ടുന്നു. മുന്‍ മുഖ്യമന്ത്രിമാരും മത്സരത്തിനിറങ്ങുന്നതോടെ അന്തരീക്ഷം അനുകൂലമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ

About the author

Indusscrolls

Leave a Comment