രാഷ്ട്രീയം, ദേശീയത, ഹിന്ദുത്വം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അഞ്ച് അഡാറ് സിനിമകള്‍

Written by Indusscrolls

ന്യൂഡല്‍ഹി: രാജ്യം ലോകസ്ഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ അണിയറയില്‍ കാത്തിരിക്കുന്നത് രാഷ്ട്രീയവും ദേശീയതയും ഹിന്ദുത്വവും പ്രമേയമാക്കിയ അഞ്ച് സിനിമകള്‍. തെരഞ്ഞെടുപ്പിനെ പരോക്ഷമായി ബാധിക്കുമെന്ന് ഉറപ്പുള്ള ഈ സിനിമകള്‍ ഭരണകക്ഷിയായ ബിജെപിക്കാവും ഗുണം ചെയ്യുക. മോഡി സര്‍ക്കാര്‍ ഭരണത്തിന്റെ പ്രധാന നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന മിന്നലാക്രമണം, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ബാല്‍ താക്കറെ, ഝാന്‍സിറാണി, നരേന്ദ്ര മോദി തുടങ്ങിയ വിഷയങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് സിനിമകള്‍. ജനവരിയിലാണ് എല്ലാ സിനിമകളും റിലീസ് ചെയ്യുന്നത്. ട്രെയിലറുകള്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

ഉറി

2016 സപ്തംബര്‍ 28ന് പാക്ക് അധിനിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണമാണ് വിഷയം. ജമ്മു കശ്മീരിലെ ഇന്ത്യയുടെ സൈനിക താവളത്തില്‍ പാക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് മറുപടിയായിരുന്നു മിന്നലാക്രമണം. ഏഴ് ഭീകര താവളങ്ങള്‍ തകര്‍ത്ത സൈന്യം നിരവധി ഭീകരരെ വധിച്ചു. ജനുവരി 11 റിലീസ് ചെയ്യും.

ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍

കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആജ്ഞാനുവര്‍ത്തിയായി പത്ത് വര്‍ഷം രാജ്യം ഭരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേശകനായിരുന്ന സഞ്ജയ് ബാരു രചിച്ച ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകമാണ് അതേ പേരില്‍ സിനിമയാകുന്നത്. മന്‍മോഹനെ ഇരയായി അവതരിപ്പിക്കുന്ന സിനിമ ഭരണത്തില്‍ സോണിയ നടത്തിയ അനധികൃത ഇടപെടലുകളാണ് തുറന്നുകാട്ടുന്നത്. ജനവരി 11ന് റിലീസ് ചെയ്യും.

താക്കറെ

ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ജീവിതത്തെ ആസ്പദമാക്കി അബിജിത് പാന്‍സെ സംവിധാനം ചെയ്യുന്ന ചിത്രമാണ് താക്കറെ. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. തര്‍ക്ക മന്ദിരത്തിന്റെ തകര്‍ച്ച, മുംബൈ കലാപം തുടങ്ങി നിരവധി വിവാദ വിഷയങ്ങള്‍ സിനിമയിലുണ്ട്. ജനുവരി 23ന് റിലീസ് ചെയ്യും.

മണികര്‍ണിക

ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ രാജ്യത്തിനു വേണ്ടി ജീവിതം ഹോമിച്ച ധീരരാജകുമാരിയായിരുന്ന ഝാന്‍സി റാണിയെക്കുറിച്ചും അവരുടെ പോരാട്ട വീര്യത്തെക്കുറിച്ചുമാണ് സിനിമ. റിലീസ് ജനുവരി 25ന്

പി എം നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥയാണ് സിനിമയാകുന്നത്.
എന്റെ രാജ്യത്തോടുള്ള സ്‌നേഹമാണ് എന്റെ ശക്തി എന്ന ടാഗ് ലൈനോടെയാണ് പോസ്റ്ററുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ജനുവരി പകുതിയോടെ ചിത്രീകരണം ആരംഭിക്കും. തെരഞ്ഞെടുപ്പിനു മുന്‍പ് 23 ഭാഷകളില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം

About the author

Indusscrolls

Leave a Comment