ന്യൂഡല്‍ഹി: മാധ്യമങ്ങളെ നേര്‍ക്കുനേര്‍ നേരിട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന് പിള്ള. മാധ്യമങ്ങളെ ആക്രമിച്ചതിന് കാസര്‍കോട്ട് സിപിഎം നേതാവ് അറസ്റ്റിലായ പത്രവാര്‍ത്ത ഉയര്‍ത്തിക്കാട്ടി, ഇനി നിങ്ങള്‍ സിപിഎമ്മിനെ ബഹിഷ്കരിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. ഡല്‍ഹി കേരളാ ഹൗസില്‍വെച്ചുള്ള ശ്രീധരന് പിള്ളയുടെ ചോദ്യത്തിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉത്തരംമുട്ടി. ചെയ്യാത്ത കുറ്റത്തിനാണ് ബിജെപിയെ മാധ്യമങ്ങള്‍ ബഹിഷ്കരിച്ചതെന്ന് അദ്ദേഹം തുറന്നടിച്ചു.
മാധ്യമങ്ങള്ക്കെതിരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നു. കാസര്‍കോട് മനോരമ ലേഖകനെതിരെയുണ്ടായ അക്രമമാണ് ബഹിഷ്കരണത്തിനായി പ്രധാനമായും ചൂണ്ടിക്കാണിച്ചത്. ഇതില്‍ ബിജെപിക്ക് പങ്കില്ലെന്ന് അന്ന് തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിലും ആരും വിശ്വസിച്ചില്ല. സിപിഎം ഫ്രാക്ഷന് ശക്തമായത് കൊണ്ടാണ് ബഹിഷ്കരണമുണ്ടായത്. ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാധ്യമങ്ങള്‍ ബഹിഷ്കരിച്ചത്. പ്രതിഷേധിക്കുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ ബഹിഷ്കരണം മാധ്യമങ്ങളുടെ നിലനില്‍പ്പ് ഇല്ലാതാക്കും. തിരുവനന്തപുരത്ത് പോലീസുമായുള്ള സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്ത്തകന് അടിയേറ്റതിനെ തള്ളിപ്പറയുകയും അപലപിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post