അഗര്‍ത്തല: ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിയോടെ ത്രിപുരയില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. തലസ്ഥാനമായ അഗര്‍ത്തലയില്‍ നടത്തിയ റാലിയില്‍ സംസ്ഥാനത്തെ രണ്ട് ലോക്സഭാ സീറ്റിലും ബിജെപി ജയിക്കുമെന്ന് ഷാ വ്യക്തമാക്കി. പേജ് പ്രമുഖന്മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയമൊരുക്കിയതില്‍ പേജ് പ്രമുഖന്മാര്ക്ക് പ്രധാന പങ്കുണ്ട്. വോട്ടര്‍ പട്ടികയിലെ ഓരോ പേജിനും ചുമതലക്കാരുണ്ടാകും. ഇവരെയാണ് പേജ് പ്രമുഖന്മാര് എന്ന് പറയുന്നത്. 51 ശക്തിപീഠങ്ങളിലൊന്നായ ത്രിപുരസുന്ദരീ ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷമാണ് അമിത് ഷാ റാലിയെ അഭിസംബോധന ചെയ്തത്.
ബിജെപിക്കെതിരായ വിശാല സഖ്യമാണ് ജയിക്കുന്നതെങ്കില്‍ നിസ്സഹായവസ്ഥയിലുള്ള സര്‍ക്കാരാകും കേന്ദ്രത്തിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്താണ് വിശാല സഖ്യത്തിന്റെ നയം. ആരാണ് നേതാവ്. ഇവരുടെ സര്‍ക്കാരിനെ ആരാകും നയിക്കുക. ശക്തമായ സര്‍ക്കാരിന് ബിജെപിയെ അധികാരത്തിലെത്തിക്കണം. 18 മണിക്കൂര്‍ ജോലി ചെയ്യുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍, ത്രിപുര ബിജെപി പ്രഭാരി സുനില്‍ ദേവധര്‍, ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്, എന്‍ഇഡിഎ കണ്‍വീനര്‍ ഹിമാന്ത ബിശ്വശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
മുഴുവന്‍ സീറ്റും ബിജെപിക്കെന്ന് സര്‍വ്വെ
ലോക്സഭയിലേക്ക് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ത്രിപുരയില്‍ മുഴുവന്‍ സീറ്റിലും ബിജെപി ജയിക്കുമെന്ന് സര്‍വ്വെ. രണ്ട് സീറ്റാണ് സംസ്ഥാനത്തുള്ളത്. 2014ല്‍ രണ്ടിടത്തും സിപിഎമ്മാണ് ജയിച്ചത്. സിപിഎമ്മിന് വന്‍ വോട്ടുനഷ്ടവും ദേശീയ ചാനലായ റിപ്പബ്ലിക് ടിവി നടത്തിയ സര്‍വ്വേ പ്രവചിക്കുന്നുണ്ട്. 2014ല്‍ 64 ശതമാനം വോട്ടാണ് സിപിഎമ്മിന് ലഭിച്ചത്. ഇത് ഇത്തവണ 32.8 ശതമായി കുറയും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 42.7 ശതമാനം വോട്ടുണ്ടായിരുന്നു. എന്‍ഡിഎക്ക് 44.8 ശതമാനം വോട്ട് ലഭിക്കും. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ 12.6 ശതമാനത്തിലൊതുങ്ങും. തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പലയിടങ്ങളിലും സിപിഎമ്മിന് സ്ഥാനാര്‍ത്ഥികളെപ്പോലും നിര്‍ത്താനായിട്ടില്ല.
Discussion about this post