ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇൻഡസ് സ്‌ക്രോൾസിന്റെ വിഷുദിനാശംസകൾ

ഓര്‍മ്മകളെ തട്ടിയുണര്‍ത്തി ഒരു വിഷുക്കാലം വീണ്ടും വരവായി. കേരളത്തിൽ എന്നല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളികൾ ഒത്തു ചേരുന്ന കാലം, സന്തോഷത്തിന്റെ, നന്മയുടെ ഒരു ദിനം.

വിഷുവിനെ സംബന്ധിച്ച്‌ പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണുള്ളത്. ഒന്ന് ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിനമെന്ന ആഘോഷം. മറ്റൊന്ന് സൂര്യന്‍ നേരെ ഉദിച്ചു തുടങ്ങിയതിന്റെ ആഘോഷം.

അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണന്‍, സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. നരാകാസുരന്റെ നഗരമാണ് പ്രാഗ് ജോതിഷം. അവിടെച്ചെന്ന് നഗരത്തിന്റെ ഉപരിതലത്തില്‍ കൂടി ചുറ്റിപ്പറന്ന് നഗരസംവിധാനങ്ങളെല്ലാം നേരില്‍ക്കണ്ട് മനസ്സിലാക്കി യുദ്ധമാരംഭിച്ചു.

ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുരന്മാരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ഒടുവില്‍ നരകാസുരന്‍ തന്നെ പടക്കളത്തിലേക്ക് പുറപെ്പട്ടു. തുടര്‍ന്നു നടന്ന അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരന്‍ വധിക്കപ്പെട്ടു. ഈ വധം നടക്കുന്നത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്. ഇതല്ല മറിച്ച്‌ ദീപാവലി ദിനത്തിലാണ് നരകാസുരനെ വധിച്ചതെന്നുമുള്ള ഐതീഹ്യമുണ്ട്.

മറ്റൊരു ഐതിഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത്, സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. രാവണന്ഇഷ്ടപ്പെടാതിരുന്ന കാലത്ത് വെയില്‍ കൊട്ടാരത്തിനകത്ത് കടന്നുചെന്നു എന്നതാണിതിന് കാരണം. ഒടുവിൽ ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ കിഴക്ക് ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്. വിഷുവിന്റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ചുവാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്റെ പ്രതീകമായിട്ടാണെന്ന് വിശ്വസിക്കുന്നു.

കഥ എന്തുതന്നെയായാലും വിഷുദിനം ഓരോ മലയാളിയുടെയും കാത്തിരിപ്പാണ്. വിഷുനാൾ പ്രിയപ്പെട്ടവരൊപ്പം കളിച്ചും ചിരിച്ചും ആഘോഷിക്കുമ്പോൾ നിങ്ങൾക്കൊപ്പം ഇൻഡസ് സ്‌ക്രോൾസും ചേരുന്നു. എല്ലാവർക്കും നന്മയുടെ വിഷു ആശംസകൾ!

About the author

INDUS SCROLLS BUREAU

Leave a Comment