ജന്മനാട്ടില്‍  മിസോ  ജനതക്കൊപ്പം  കുമ്മനം കൂടിക്കാഴ്ച നടത്തി

കോട്ടയം: ജന്മനാട്ടില്‍ അതിഥികളായി എത്തിയ മിസോറാം കുടുംബങ്ങളുമായി ഗവർണ്ണർ കുമ്മനം രാജശേഖരന്‍ കോട്ടയം ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.
കോട്ടയം പഴയ സെമിനാരിയില്‍ തിയോളജി പഠിക്കുകയും, ഗവേഷണം നടത്തുകയും ചെയ്യുന്ന അഞ്ച് മിസോറാം കുടുംബങ്ങളുമായാണ് ഗസ്റ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയത്. കോട്ടയത്തിന് സമീപം കളത്തിപ്പടിയില്‍ താമസിക്കുന്ന ഇവര്‍ മൂന്നുവര്‍ഷമായി പഴയ സെമിനാരിയില്‍ തിയോളജി പഠിക്കുന്നു.
മിസോറാമില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വ്വീസില്ല. കൊല്‍ക്കത്ത വഴിയാണ് വരുന്നതെന്നും അമിതമായ ചാര്‍ജാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നതെന്നും അവര്‍ ഗവർണ്ണറോട് പരാതിപ്പെട്ടു. പ്രശ്‌നം അതാത് വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് അദ്ദേഹം അവര്‍ക്ക് വാക്ക് കൊടുത്തു.  വെള്ളപ്പൊക്ക സമയത്ത് തങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തു തന്ന കോട്ടയംകാരെ നന്ദിയോടെ ഓര്‍ക്കുന്നതായും അവര്‍ പറഞ്ഞു.
മിസോറാമില്‍ എത്തുമ്പോള്‍ രാജ്ഭവനിലേക്ക് ഗവർണ്ണർ എല്ലാവരെയും ക്ഷണിച്ചു.  ഗവർണ്ണർക്ക്
തടിയില്‍ തീര്‍ത്ത വള്ളംകളിയുടെ ശില്പം അവര്‍ സമ്മാനിച്ചു. തടിയില്‍ തീര്‍ത്ത കെട്ടുവള്ളത്തിന്റെ ശില്പം ഗവർണ്ണർ അവർക്കും സമ്മാനിച്ചു.
തിയോളജി സെന്ററിലെ രജിസ്ട്രാര്‍ ഫാ. ജോസ് ജോണും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

About the author

INDUS SCROLLS BUREAU

Leave a Comment