കെ.സുരേന്ദ്രന്റെ മീറ്റ് ദ പ്രസ് അനുവദിക്കില്ലെന്ന് ‘ഇടത് ഫ്രാക്ഷന്‍’; പ്രതിഷേധമുയര്‍ന്നതോടെ നാണംകെട്ട് പിന്മാറി

Written by Indusscrolls

തിരുവനന്തപുരം: കെ.സുരേന്ദ്രന്റെ മീറ്റ് ദ പ്രസ് മുടക്കാനിറങ്ങിയ തിരുവനന്തപുരത്തെ ഇടത് മാധ്യമപ്രവര്‍ത്തകര്‍ നാണംകെട്ട് പിന്മാറി. ഇവരുടെ നിലപാടിനെതിരെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ രംഗത്തെത്തിയതോടെയാണ് പിന്മാറ്റം. മീറ്റ് ദ പ്രസ്സിനിടെ സുരേന്ദ്രനെ പ്രകോപിപ്പിച്ച് കുടുക്കിലാക്കാനുള്ള നീക്കവും പാളി. ചോദ്യങ്ങള്‍ക്കെല്ലാം സൗമ്യനായി സുരേന്ദ്രന്‍ മറുപടി നല്‍കി.
ഇന്നലെയാണ് സുരേന്ദ്രന്റെ മീറ്റ് ദ പ്രസ്സിനായി പ്രസ് ക്ലബ്ബ് അധികൃതര്‍ ബിജെപിയുമായി ബന്ധപ്പെട്ടത്. ഇന്ന ഉച്ചക്ക് 2.30ന് പരിപാടി തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ മന്ത്രി കെ.കെ. ഷൈലജയുടെ പിഎയും ദേശാഭിമാനി ലേഖകനുമായ പ്രദീപ്, മെട്രോ വാര്‍ത്തയിലെ ദിനേശ്, അരവിന്ദ്, ന്യൂസ് 18ലെ വി.വി. അരുണ്‍, സുപ്രഭാതത്തിലെ അന്‍സാര്‍, ജീമോന്‍ ജേക്കബ്, ശ്യാംലാല്‍ എന്നിവര്‍ രംഗത്തെത്തി. സുരേന്ദ്രന്‍ കേസിലെ പ്രതിയാണെന്നും മീറ്റ് ദ പ്രസ് അനുവദിക്കില്ലെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ പരിപാടി റദ്ദാക്കിയതായി പ്രസ് ക്ലബ്ബ് അധികൃതര്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അറിയിച്ചു. ഇതോടെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം പ്രതിഷേധിച്ചു. കേസില്‍ പ്രതിയാകുന്നതാണ് പ്രശ്‌നമെങ്കില്‍ പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലുമൊക്കെ എങ്ങനെയാണ് ഇതിന് മുന്‍പ് മീറ്റ് ദ പ്രസ് നടത്തിയതെന്ന് ഇവര്‍ ചോദിച്ചു. പ്രതിഷേധം ശക്തമായതോടെ ഇടത് മാധ്യമ പ്രവര്‍ത്തകരെ പിന്തള്ളി പരിപാടി നടത്താന്‍ അധികൃതര്‍ തീരുമാനിച്ചു. മീറ്റ് ദ പ്രസ് ബഹിഷ്‌കരിക്കുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയെങ്കിലും അതുണ്ടായില്ല.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇടത് സര്‍ക്കാര്‍ ജയിലിലടച്ചത് ഉപയോഗിച്ചാണ് സുരേന്ദ്രനെ നിശബ്ദരാക്കാന്‍ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചതെന്നാണ് ഞെട്ടിപ്പിക്കുന്നത്. ഇടത് മാധ്യമ പ്രവര്‍ത്തകരുടെ അസഹിഷ്ണുതയാണ് ഇതോടെ പുറത്തുവന്നതും. മേരത്തെ മാധ്യമങ്ങളില്‍ സിപിഎം ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍ പിള്ള ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് തിരുവനന്തപുരത്തുണ്ടായ സംഭവം.

 

About the author

Indusscrolls